കാവുകള്‍
കാവുകള്‍
പ്രകൃതിയെ നോവിക്കാതെയും നശിപ്പിക്കാതെയും ആരാധനാപൂര്‍വ്വം കണ്ടിരുന്ന പൂര്‍വ്വികര്‍ നമുക്കായി കരുതിവച്ച ജൈവവൈവിദ്ധ്യമാര്ന്ന നമ്മുടെ കാവുകള്‍ വേണ്ടവിധം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നാനാവിധത്തിലുള്ള വൃക്ഷങ്ങളും ചെടികളും മറ്റും നിറഞ്ഞ കാവുകള്‍ പരിസ്ഥിക്ക് വളരെയേറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ വളരെയേറെയുണ്ട്. ക്ഷേത്രങ്ങളുടെ അടുത്താണ് കൂടുതല്‍ കാവുകളും കാണപ്പെടുന്നത്. ഒട്ടുമിക്കതും നാശോത്മുഖമായിക്കൊണ്ടിരിക്കുന്നു. ഇവയെ ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ടതായി മാറ്റിയെടുത്ത് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പൈതൃക സ്വത്തായി കണ്ട് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. കാവുകളെക്കുറിച്ചുള്ള പട്ടിക ചുവടെ ചേര്‍ക്കുന്നു.
1. കുളത്തൂര്‍ കാവ് - കൊട്ടറ
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും അതിപ്രസിദ്ധവുമായ ഒരു കാവാണ് കുളത്തൂര്‍ കാവ്. ഈ കാവ് ഒരേക്കര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്ഥിതി ചെയ്യുന്നത്. വൃക്ഷങ്ങളും ചെടികളും മറ്റും തിങ്ങിനിറഞ്ഞ ഈ കാവില്‍ സസ്യങ്ങളുടെ വേരുകളും വള്ളികളും കണ്ടാല്‍ പാമ്പുകള്‍ കിടക്കുന്നതായി തോന്നും. കാവിലെ വډരങ്ങളില്‍ നിറയെ വവ്വാലുകള്‍ കാണപ്പെടുന്നു. ഈ കാവിനോടു ചേര്‍ന്ന് ഒരു കുളവും ദേവീക്ഷേത്രവും ഉണ്ട്. വിസ്തൃതമായ വയലിനോട് ചേര്‍ന്നാണ് ഈ കാവും കുളവും കാണപ്പെടുന്നത്. ക്ഷേത്രത്തിലെ ചരിത്രം ഇപ്രകാരമാണ്. ചേപ്പാട് നിന്നുള്ള ഒരു ബ്രാഹ്മണന് പൂജാദികര്‍മ്മങ്ങള്‍ക്കായി തെക്കന്‍ തിരുവിതാംകൂറിലേക്ക് വരികയും കൊട്ടറ എന്ന സ്ഥലത്തെ ഒരു നായര്‍ കുടുംബത്തിലെ സ്ത്രീയെ മംഗല്യം കഴിച്ച് സ്ഥിരതാമസമാക്കുകയും ചെയ്ത ഈ സ്ഥലത്തിന് ചേക്കാട് എന്ന പേര് ലഭിച്ചതായി കരുതുന്നു. ഈ പ്രദേശത്തെ നാല് കുടുംബക്കാരുടെ വകയായിരുന്നു ഇത്. ഇപ്പോള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് പ്രദേശത്തെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രാതിനിധ്യമുള്ള ഭരണസമിതി ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നു. കാവിന് മുന്‍വശത്തുള്ള നെല്‍വയലില്‍ കൃഷി നടത്തുന്നവര്‍ ജാതിമതഭേദമന്യേ കറ്റയും നെല്ലും കാവിനും ക്ഷേത്രത്തിനുമായി നല്കി വരുന്നു. ക്ഷേത്രക്കുളം നാല് വശവും മതില് കെട്ടി ആഴം കൂട്ടിയാല്‍ വയലിലേക്ക് ജലം ലഭിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സഹായകമാകും. പരിസ്ഥിക്ക് വളരെയേറെ പ്രാധാന്യമുള്ള ഈ പ്രദേശം ക്ഷേത്രം കൂടി ഉള്‍പ്പെടുത്തി പൈതൃക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുത്തി സംരക്ഷിക്കേണ്ടതാണ്.
2. തച്ചാര്കാവ് - കൊട്ടറ
പഴക്കം ചെന്ന ഒരു കാവാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്ഷങ്ങള്‍ നിറഞ്ഞതായിരുന്നു ഈ കാവ് എങ്കിലും ഇപ്പോള്‍ അതെല്ലാം നശിച്ചു. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവനെ പുനരുദ്ധരിച്ച് അമ്പലമായി മാറ്റിയിരുന്നു. കോളമത്ത് ഭഗവതി ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളമത്ത് ഭഗവതിക്ഷേത്രം എന്ന പേരിലുള്ള ഒടു ട്രസ്റ്റ് ആണ് ഈ കാവിനെ സംരക്ഷിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു കുളവും ഉണ്ട്. അര ഏക്കറിനടുത്ത് വരും ഇതിന്റ വിസ്തീര്‍ണ്ണം. ഈ ക്ഷേത്രവും അതിനോടു ചേര്‍ന്ന പ്രദേശങ്ങളും പൈതൃക പ്രാധാന്യമുള്ള പട്ടികയില്‍പ്പെടുത്തി സംരക്ഷിക്കേണ്ടതാണ്.
3. ക്ഷേത്രക്കരകാവ് - നാല്ക്കവല - മരുതമണ്‍പള്ളി
മരുതമണ്‍പള്ളി പെരുമണ്‍ ഭഗവതി ക്ഷേത്രത്തോട് ചേര്‍ന്ന് ആണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. നിറയെ മരങ്ങള്‍ ഇല്ലാ എങ്കിലും പഴക്കം ചെന്ന മരങ്ങള്‍ ഉണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പക്കാവായി ഇതിനെ നിലനിര്‍ത്തി പൂജാകര്‍മ്മങ്ങള്‍ നടത്തിവരുന്നു. കാവിന്റെയും ക്ഷേത്രത്തിന്റെയും കൂടി വിസ്തീര്‍ണ്ണം അര ഏക്കര്‍ വരും.
4. ചിറയ്ക്കല്‍ കാവ് - മരുതമണ്‍പള്ളി
ദേവീക്ഷേത്രത്തോടനുബന്ധിച്ച് മൂന്ന് കാവുകള്‍ ചേര്‍ന്നതാണ് ഇത്. മാടന്‍കാവ്, സര്‍പ്പക്കാവ്, ക്ഷേത്രക്കാവ് എന്നിവയാണിവ. മാടന്‍കാവിന്റെ വിസ്തീര്‍ണ്ണം 50 സെന്റ് വരും. സര്‍പ്പക്കാവ്, ക്ഷേത്രക്കാവ് എന്നിവ 10 സെന്റിനകത്തു വരും. സര്‍പ്പക്കാവ് നിറയെ മരങ്ങളും സസ്യങ്ങളും വള്ളികളും നിറഞ്ഞതാണ്. 500 വര്‍ഷം പഴക്കം വരും. ആചാരപ്രകാരം ഈ അമ്പലത്തിന്റെ ഉല്പത്തിയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. പട്ടാമ്പിയില്‍ ഉള്ള സ്ഥലമാണ് ചിറയ്ക്കല്‍. അവിടെ നിന്നും താമസം മാറി മരുതമണ്‍പള്ളി എന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് താമസമാക്കിയ ഒരു ബ്രാഹ്മണ സ്ത്രീ ആയിരുന്നു ഇന്നുള്ള ദേവീ ക്ഷേത്രത്തിന്റെ സ്ഥാപക. അന്ന് അവരോടൊപ്പം ജډദേശമായ പട്ടാമ്പിയില്‍ നിന്നും സങ്കല്പിച്ച് കൂടെ കൊണ്ടുപോന്ന ദേവിയാണ് ഇപ്പോള്‍ ഈ അമ്പലത്തില്‍ കുടിക്കൊള്ളുന്നത്. മാടന്കാവിനോട് ചേര്‍ന്ന് ഒരു ചിറ കൂടി സ്ഥിതി ചെയ്യുന്നു. ഈചിറ അധികൃതരുടെ ശ്രദ്ധ വേണ്ടവിധം ഇല്ലാത്തതിനാല്‍ ഉപയോഗപ്രദമല്ലാത്ത അവസ്ഥയാണ്. ഇതിനെ വേണ്ടവിധം പരിഗണിച്ചാല്‍ 100 ഹെക്ടറോളം വരുന്ന മാടന് വന പാടശേഖരത്തിലേക്ക് ആവശ്യമായ ജലസേചനം നടത്താവുന്നതാണ്.
5. മാമനാര്കാവ് - കാഞ്ഞിരംപാറ
വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മാവ് മാത്രമാണ് ഈ കാവിലുള്ളത്. കാവിന് 30 സെന്റ് വിസ്തീര്‍ണ്ണം വരും. ഇതിനോട് ചേര്‍ന്ന് ഒരു കുളവുമുണ്ട്. ഈ പ്രദേശത്തെ ജലാശയങ്ങളെ നിയന്ത്രിക്കുന്നത് ഈ കുളമാണ്. ഇപ്പോള്‍ ഈ കാവ് മാമനാര് ശിവക്ഷേത്രമായാണ് അറിയപ്പെടുന്നത്.
6. മാടന്‍കാവ് - പാണയം - പൂയപ്പള്ളി
ഈ കാവില്‍ ഒരു വലിയ ആല്‍മരവും ഒരു കൂവളവും ചെറിയ മൂന്ന് കാഞ്ഞിരവുമാണ് ഉള്ളത്. മുന്‍കാലത്ത് സസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതെല്ലാം വെട്ടിത്തെളിച്ച് ഇപ്പോള്‍ അമ്പലം പണിതുയര്‍ത്തി. 90 സെന്റ് വിസ്തീര്‍ണ്ണത്തിലാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. ദിവേസന വിളക്ക് തെളിക്കുകയും ഞായറാഴ്ചകളിലും, മലയാള മാസം 1-ാം തീയതികളിലും പൂജ നടത്തുകയും ചെയ്തു വരുന്നു. കൂടാതെ വര്‍ഷം തോറും ഉത്സവും നടത്തി വരുന്നുണ്ട്. ഇപ്പോള്‍ ക്ഷേത്രം പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ സമീപത്തായി ബ്ലോക്ക് പഞ്ചായത്തിന്റെ വകയായി ഒരു കുളവും ഉണ്ട്.
7. പൂത്താറ്റ് കാവ് - മരുതമണ്‍ പള്ളി
ഏകദേശം 20 സെന്റ് വരും ഇതിന്റെ വിസ്തീര്‍ണ്ണം. നിറയെ മരങ്ങളും സസ്യങ്ങളും നിറഞ്ഞ ഈ കാവിന് 50 വര്‍ഷത്തിന് മുകളില്‍ പഴക്കം വരും. ഇതിനോട് ചേര്‍ന്ന് പൂത്താറ്റ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കാവിലേക്ക് പോകാന്‍ ഇടുങ്ങിയ ഒരു നടവഴി മാത്രമാണുള്ളത്. ആയതിനാല്‍ കാവ് സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയാണ്. സര്പ്പദോഷങ്ങള്ക്കായി പ്രത്യേക പൂജകള്‍ നടത്തി വരുന്നു. കൂടാതെ ദിവസേന കാവില്‍ വിളക്ക് കത്തിക്കുന്നുണ്ട്.
8. വേലംകോണത്ത് രക്തേസ്വരി മൂര്‍ത്തിക്കാവ്
65 വര്ഷത്തില്പരം പഴക്കമുള് ഒരു കാവാണ് ഇത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണ് നിലവിലുള്ളത്. കോളനിയോട് ചേര്‍ന്നുള്ള കാവാണ്. വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ കാവിനെ സംരക്ഷിക്കുന്നത്. അവരുടെ ആരാധനാ മൂര്‍ത്തിയാണ് ഈ കാവില്‍ കുടിക്കൊള്ളുന്നത്. ഇതിനോട് ചേര്‍ന്ന് പഞ്ചായത്തിന്റെ ഒരു കുളം ഉണ്ട്. ഒരു വയലിന് കരയ്ക്കായിട്ടാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. 30 സെന്റ് സ്ഥലം കാവും കൂടാതെ 10 സെന്റ് പാടവുമാണ്. ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ പുത്തരി ഊട്ടും മകം മാസം 27 ന് ഊട്ടും നടത്തി വരുന്നു.
9. ഏണിയൂര്‍ മഠം കാവ് - കോഴിക്കോട്
ഏകദേശം 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കാവ് ഏണിയൂര്‍ മഠം ബ്രാഹ്മണ കുടുംബത്തിന്റെ വകയാണ്. ഇതിനോട് ചേര്‍ന്ന് മഠം വക ഒരു ക്ഷേത്രവും കുളവും ഉണ്ട്. ഇപ്പോഴും ഈ മഠത്തിലുള്ളവരാണ് ഈ കാവിനെ സംരക്ഷിക്കുന്നത്. സര്‍പ്പ ദൈവങ്ങള്‍ക്കായി പ്രത്യേക പൂജാദികര്‍മ്മങ്ങളും നടത്തി വരുന്നുണ്ട്. ഇടതിങ്ങിയല്ലാതെ വൃക്ഷങ്ങളും സസ്യങ്ങളും നിറഞ്ഞതാണ് ഈ കാവ്.
10. തിരിച്ചന്‍കാവ് - പയ്യക്കോട്
ഏകദേശം 50 സെന്റ് വിസ്തൃതിയുള്ള ഈ കാവ് നിറയെ മരങ്ങളും ചെടികളും വള്ളികളും നിറഞ്ഞതാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണുള്ളത്. ഇതിനോട് ചേര്‍ന്ന് ഒരു ദേവീക്ഷേത്രവും കുളവുമുണ്ട്. ഈ കാവ് യാത്രക്കാര്‍ക്ക് കാണാവുന്ന വിധം റോജിന്റെ അരികിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
11. പള്ളത്ത് കാവ് - ചെങ്കുളം
വള്ളികളും സസ്യങ്ങളും കൊണ്ട് നിറഞ്ഞ ഈ കാവില്‍ വൃക്ഷമായി ഒരു പാല മാത്രമാണുള്ളത്. കാവിനുള്ളില്‍ ചെറിയ രണ്ട് ആല്‍ത്തറ ഉണ്ട്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കാവിന് 30 സെന്റ് വിസ്തീര്‍ണ്ണം വരും. മുടിയൂര്‍ക്കോണം സിദ്ദനാര് സര്‍വ്വീസ് സൊസൈറ്റിയുടെ ഒരു ശാഖയിലെ ഒരാളിന്റെ പേരില്‍ പതിച്ച് കിട്ടിയിട്ടുണ്ട് ഈ കാവ് നില്ക്കുന്ന സ്ഥലം.