ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്ത് ഭരണസമിതി തുടക്കം മുതല്‍...

കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നതും, കേരളത്തെ പതിമൂന്ന് കാര്‍ഷിക മേഖലകളായി തരം തിരിച്ചിട്ടുളളതില്‍  തെക്കന്‍ ഇടനാട് മേഖലയില്‍പ്പെട്ടതാണ് പൂയപ്പള്ളി പഞ്ചായത്ത്. 1953 ആഗസ്റ്റ് 15 തീയതിയാണ് ഇന്നത്തെ നിലയിലുള്ള  ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പൂയപ്പള്ളി വില്ലേജ് മാത്രം ഉള്‍ക്കൊള്ളുന്നതാണ്. പഞ്ചായത്ത് നിലവില്‍ വരുന്നതിന് മുമ്പ് പൂയപ്പള്ളി, വെളിയം വില്ലേജുകള്‍ ചേര്‍ന്ന വെളിയം വില്ലേജായിരുന്നു. 1948 മുതല്‍  1953 ആഗസ്ത് 15 വരെ പൂയപ്പള്ളി ആസ്ഥാനമായി വെളിയം ഗ്രാമോദ്ധാരണ സഭ എന്ന പേരില്‍ ഒരു പഞ്ചായത്ത് ഭരണ സംവിധാനം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഉദിയന്നൂര്‍ ശ്രീ. ജി.ഗോവിന്ദപിള്ളയായിരുന്ന ആയതിന്‍റെ പ്രസിഡന്‍റ്. ശ്രീമാന്‍മാര്‍ കര്‍ഷകന്‍ ജി.കൃഷ്ണപിള്ള, പി.കെ.കോശി വൈദ്യന്‍, തോട്ടുവ നാരായണന്‍, വടക്കേ വീട്ടില്‍ ജോര്‍ജ്ജ്, പി.പരമേശ്വരന്‍പിള്ള(കൊട്ടറ) എന്നിവര്‍ സഭയിലെ ആംഗങ്ങളായിരുന്നു. 
ഗ്രാമോദ്ധാരണ സഭയുടെ നേതൃത്വത്തില്‍ പലവിധ വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. പൂയപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ പഴയ ഓഫീസ് കെട്ടിടം, പഴയ ഗ്രന്ഥശാലാ കെട്ടിടം എന്നിവ ഗ്രാമോദ്ധാരണ  സഭ പണികഴിപ്പിച്ചവയാണ്. 
1953 ല്‍ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി 10 വര്‍ഷവും, രണ്ടാമത്തെ പഞ്ചായത്ത് കമ്മിറ്റി 16 വര്‍ഷവും, മൂന്നാമാത്തെ പഞ്ചായത്ത് കമ്മിറ്റി 5 വര്‍ഷവും, നാലാമത്തെ പഞ്ചായത്ത് കമ്മിറ്റി 7.5 വര്‍ഷവും അധികാരത്തില്‍ വന്നു. ഇടയ്ക്ക് മൂന്ന് വര്‍ഷകാലത്തോളം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ശ്രീ.പി.ജനാര്‍ദ്ദനന്‍, ശ്രീ.കെ.ജെ.ജോണ്‍, ശ്രീ.എന്‍.ഗോപാലന്‍, ശ്രീ.കെ.കുഞ്ഞപ്പി, ശ്രീ.എന്‍.ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ ഈ പഞ്ചായത്തിന്‍റെ മുന്‍കാല പ്രസിഡന്‍റായിരുന്നു. 
1995 ല്‍ അഞ്ചാമത്തെ ഭരണസമിതി  അധികാരത്തില്‍ വരികയും അതില്‍ ആദ്യ 2.5 വര്‍ഷം ശ്രീമതി.ആര്‍.ജയശ്രീ പ്രസിഡന്‍റായിരിക്കുകയും, തുടര്‍ന്ന് രണ്ടര വര്‍ഷം ശ്രീമതി. വിലാസി ശ്രീധരന്‍ പ്രസിഡന്‍റായിരിക്കുകയും ചെയ്തു. 2000 ല്‍ ആറാമത് ഭരണസമിതി ശ്രീ.ഡി.ജോണ്‍ പ്രസിഡന്‍റായി അധികാരത്തില്‍ വന്നു. 2005 ല്‍ ഏഴാമത്തെ ഭരണസമിതി  അധികാരത്തില്‍ വരികയും അതില്‍ ആദ്യ 2.5 വര്‍ഷം ശ്രീ.റ്റി.എസ്.പത്മകുമാര്‍ പ്രസിഡന്‍റായിരിക്കുകയും, തുടര്‍ന്ന് രണ്ടര വര്‍ഷം ശ്രീ.ആര്‍.വേണുഗോപാല്‍ പ്രസിഡന്‍റായിരിക്കുകയും ചെയ്തു.
2010 ല്‍ എട്ടാമത്തെ ഭരണസമിതി ശ്രീമതി. വസന്തകുമാരി പ്രസിഡന്‍റായി അധികാരത്തില്‍ വന്നു. 2015 ല്‍ ഒന്‍പതാമത്തെ ഭരണസമിതി ശ്രീ.എസ്.എം. ഹംസ റാവുത്തര്‍ പ്രസിഡന്‍റായി അധികാരത്തില്‍ വന്നു. 2020 ല്‍ പത്താമത്തെ ഭരണസമിതി ശ്രീമതി. ജെസ്സി റോയി പ്രസിഡന്‍റായി അധികാരത്തില്‍ വരികയും, തുടര്‍ന്ന് 3 വര്‍ഷം പൂര്‍ത്തിയാക്കി ശ്രീമതി.സരിത.വിയും, തുടര്‍ന്ന് ശ്രീമതി.മായ.എസ് എധികാരത്തില്‍ വരുകയും ചെയ്തു. 

2025 ല്‍ പതിനൊന്നാമത് ഭരണസമിതി ശ്രീമതി.ശശികല.എല്‍ പ്രസിഡന്‍റായി അധികാരം ഏറ്റു. വാര്‍ഡ് വിഭജനത്തിന് ശേഷം 17 വാര്‍ഡോടു കൂടിയാണ് ഈ ഭരണസമിതി അകാരത്തില്‍ വന്നിട്ടുള്ളത്