ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 22.28 ച.കി.മീ ഭൂവിസ്തൃതിയുള്ള പ്രദേശമാണ് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്. ഈ മണ്ണിന് പൂയപ്പള്ളി എന്ന നാമധേയം ലഭിക്കുവാനുള്ള കാരണങ്ങള്‍ ലിഖിതരേഖകളില്‍ ഇല്ലെങ്കിലും തലമുറകള്‍ പകര്‍ന്നു കിട്ടിയ അറിവിലൂടെ പഴമക്കാര്‍ പറയുന്നത് ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് പൂയപ്പള്ളി എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നാണ്.കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളായ കൊട്ടാരക്കര, ചിറയന്‍കീഴ് താലൂക്കികളില് ഒരു കാലത്ത് ബുദ്ധമതം പ്രചാരത്തിലിരുന്നതായി ചരിത്ര രേഖകളായ കേരള വിജ്ഞാന കോശത്തിലും, ശ്രീമാന്‍ ഇളംകുളം കുഞ്ഞന്‍പിള്ള രചിച്ച “ അന്നത്തെ കേരള സംസ്ക്കാരത്തിന്റെ നാഴികകല്ലുകള്‍ ” എന്ന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചു കാണുന്നു. ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് അതിന്റെ ഭാഗമായി പ്രചാരത്തില്‍ വന്നതാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ എടുപ്പ്കുതിരക്കെട്ട് എന്നും ഈ രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും, ആഊര്വേദത്തിനും ബുദ്ധമതം പ്രമുഖ പരിഗണന നല്‍കിയിരുന്നതായി രേഖപ്പെടുത്തി കാണുന്നു. ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ പൂയപ്പള്ളിയുടെ മണ്ണിലും ഒരു കാലത്ത് ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. തന്നെയുമല്ല ഇവിടെയുള്ള മിക്ക ക്ഷേത്രങ്ങളിലും ഈ അുത്തെകാലത്തുവരെ എടുപ്പ്കുതിരക്കെട്ട് ഉണ്ടായിരുന്നു എന്നത് ബുദ്ധമത വിശ്വാസികള്‍ ഈ പഞ്ചായച്ച് പ്രദേശത്തും ഉണ്ടായിരുന്നു എന്നതിന് തെളിവായിക്കാണാം. .
പള്ളി എന്ന പദത്തിന് ബുദ്ധവിഹാരം, എഴുത്തുകളരി, പള്ളിക്കൂടം എന്നീ അര്‍ത്ഥങ്ങളാണുള്ളത്. ഇതിന് പ്രകാരം പൂയപ്പള്ളി, മരുതമണ്‍പള്ളി എന്നീ പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട് നിലവില്‍ വന്നതാകാം. അറ്റൊരഭിപ്രായവും നിലവില്‍ പ്രചാരത്തിലുണ്ട്. അതിന്‍പ്രകാരമാണ് പൂയം നക്ഷത്രദിവസങ്ങളില് ബുദ്ധമത വിശ്വാസികള്‍ ആളുകളെ സംഘടിപ്പിച്ച് വിദ്യ അഭ്യസിപ്പിച്ചിരുന്നെന്നും അതില്‍ നിന്നാണ് ഈ പ്രദേശത്ത് പൂയപ്പള്ളി എന്ന പേര് ലഭ്യമായതെന്നുമാണ്.
മരുതം എന്ന പദത്തിന് നിരന്ന കൃഷി സ്ഥലം എന്നാണര്‍ത്ഥം. ഇങ്ങനെ നിരന്ന കൃഷി സ്ഥലത്ത് ബുദ്ധമതവിഹാരങ്ങളോ, പള്ളിക്കൂടങ്ങളോ നിലനിന്നിരുന്നതിന്റെ അടിസ്ഥാനത്തിലാവും ഈ പ്രദേശത്ത് മരുതമണ്‍ പള്ളി എന്ന നാമധേയം കൈവന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഈ പഞ്ചായത്തിലെ നിരന്ന പ്രദേശവും മരുതമണ്പള്ളിയാണ്.
ഓയൂരിന് സമീപമുള്ള ചുങ്കത്തറ തെക്കേയതിര്ത്തിയായും ഓടനാവട്ടത്തിനു വടക്കുള്ള ചുങ്കത്തറ വടക്കേയതിര്ത്തിയായും വെളിയം എന്നൊരു നാട്ടുരാജ്യം നിലനിന്നിരുന്നെന്നും ഈ ഭൂപ്രദേശം ഭരിച്ചിരുന്നത് വെളിയന്‍ എന്ന നാടുവാഴിയായിരുന്നെന്നും അങ്ങനെ ഈ പ്രദേശത്തിന് വെളിയം എന്ന പേര് കൈവന്നാതായും ശ്രീമാന്‍ ഇളംകുളം കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. പൂയപ്പള്ളി ഈ നാട്ടുരാജ്യത്തിന്റെ ഭരണാതിര്ത്തിക്കുള്ളിലായിരുന്നുവെന്നു പറയപ്പെടുന്നു.
സാമൂഹിക സാംസ്ക്കാരിക ചരിത്ര പശ്ചാത്തലം
ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ധീരനായ വേലുത്തമ്പിദളവയുടെ ജഡം മണ്ണടിയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് കൊണ്ടുപോകും വഴി ഇന്നത്തെ പൂയപ്പള്ളി പോലീസ് സ്റ്റേഷന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഇറക്കിവെച്ച് കിങ്കരന്മാര് വിശ്രമിച്ചതായും കാഴ്ച്ചക്കാരായി എത്തിയ നാട്ടുകാരെ വേലുത്തമ്പിദളവയുടെ ശിരസ് ശൂലത്തില്കുത്തി ഉയര്‍ത്തിക്കാണിച്ചതായും പഴമക്കാര്‍ പറയുന്നു.
പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളി വാര്‍ഡിലുള്ള മാക്രിയില്ലാ കുളം ഐതിഹൃത്തിന്റെ പട്ടികയില്‍പ്പെടുന്ന ഒന്നാണ്. ഈ കുളത്തിന് ഈ പേര് ലഭിച്ചതിന്റെ ഐതിഹ്യം- ഈ കുളത്തില്‍ څമാക്രികള്‍چജീവിക്കുന്നില്ല. സന്ധ്യാവന്ദനത്തിനായി കുളപ്പടയില്‍ ധ്യാനനിരതിനായിരുന്ന നമ്പൂതിരിയ്ക്ക് മാക്രിയുടെ കരച്ചില് അലോസരം സൃഷ്ടിച്ചതായും മേലില്‍ ഈ കുളത്തില്‍ മാക്രികള്‍ ഇല്ലാതെ പോകട്ടെയെന്ന് നമ്പൂതിരി ശപിച്ചതായും, അന്നു മുതല്‍ ഈ കുളത്തില്‍ മാക്രികള്‍ വാഴുന്നില്ലാ എന്നതുമാണ് ഐതിഹ്യം. ഈ കുളത്തില്‍ മാക്രി വാഴാത്തതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉത്തരവാദ ഭരണപ്രക്ഷോഭരണത്തിലും ജന്മിത്വത്തിനെതിരായുള്ള സമരത്തിലും ഈ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ അവരുടേതായ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. പൂയപ്പള്ളി തോട്ടത്തില്‍ വൈദ്യരുടെ മകന് കുഞ്ഞുകുഞ്ഞ് എന്ന് വിളിച്ചിരുന്ന ഇടിക്കുള എന്ന ആളുടെ നേതൃത്വത്തില്‍ പൂയപ്പള്ളിയില്‍ നിന്നും റ്റി.കെ.കോശി വൈദ്യന്, മൈലോട് ചക്കന്റഴികത്ത് ഗോപാലന്, പരമു, മൈലോട് തോട്ടത്തില്‍ വീട്ടില്‍ രാമന്, ഗോപാലന്, മൈലോട് കുഴിവിളയില്‍ നീലകണ്ഠന് പൂയപ്പള്ളി പ്ലാവിള വീട്ടില്‍ ചാക്കോ, കല്ലുവിള വീട്ടില്‍ ചാക്കോ തുടങ്ങിയ പന്ത്രണ്ട് പേര് തിരുവനന്തപുരത്ത് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരപ്രക്ഷോഭരണത്തില് പങ്കെടുക്കുകുയും അതില്‍ ഇടിക്കുള എന്നയാള്‍ക്ക് കുതിരപ്പട്ടാളത്തിന്റെ ചവിട്ടേല്‍ക്കുകയും അതിനുശേഷം രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ജന്മിത്വത്തിനെതിരെ ഈ പഞ്ചായത്തില്‍ നടന്ന സമരം ശ്രദ്ധേയമാണ്. ഈ പഞ്ചായത്തിലെ കൊട്ടറ, മരുതമണ്‍പള്ളി എന്നീ പ്രദേശങ്ങള്‍ തിരുവിതാംകൂറിലെ ഒന്നാമത്തെ ജന്മിയായിരുന്ന അകവൂര്‍മന നമ്പൂതിരിയുടെ തനത് വകയായിരുന്നു. അകവൂര്‍ മനക്കാര്‍ക്ക് അന്നക്കെ രാജാവ് കരം ഒഴിവായി 600 ദേശവഴികളില്‍പ്പെട്ട രണ്ടുദേശവാഴികളായിരുന്നു കൊട്ടറയും, മരുതമണ്‍പള്ളിയും. ഈ പ്രദേശത്തെ ഭൂമി കുടിയാന്മാരെന്ന നിലവില്‍ കൃഷിക്കാര്‍ കൈവശം വെയ്ക്കുകയും അകവൂര്‍ മനയ്ക്ക് കരംകൊടുക്കുകയും ചെയ്തുവരികയായിരുന്നു. യഥാര്‍ത്ഥ കൈവശക്കാരായിരുന്ന കുടിയാന്മാരുടെ അദ്ധ്വാനഫലം, പാട്ടവും, വാരവുമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു.ജന്മിക്ക് തോന്നുമ്പോള്‍ കുടിയാന്മാകരെ ഭൂമിയില്‍ നിന്നും ഇറക്കി വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വസ്തുക്കളില്‍ നിന്ന് വൃക്ഷങ്ങള്‍ മുറിക്കുന്നതിനോ ചുള്ളിയൊടിക്കുന്നതിനു പോലുമോ കൈവശക്കാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെയായി സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പുതന്നെ ഈ പഞ്ചായത്തില്‍ കുടിയാന് പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നത് ڇകര്ഷകന്ڈഎന്ന അപരനാമധേയത്തില്‍ പില്ക്കാലത്ത് അറിയപ്പെട്ട വെളിയം ശ്രീ.ജി.കൃഷ്ണപിള്ളയായിരുന്നു. ജന്മിത്വത്തിനെതിരായി, കൊട്ടറ, മരുതമണ്‍പള്ളി പ്രദേശങ്ങളില്‍, ശ്രീ.വെളിയം കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പലതവണ ജാഥകളും പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ശ്രീ.പി.ജനാര്ദ്ധനന്, ശ്രീ.കൃഷ്ണപിള്ളയ്ക്ക് സഹായിയായി മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. കുടിയാന്മാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വത്തില്‍ കൊടുക്കാന്‍ ശ്രീ.ജി.കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കുടിയാന് എന്ന പേരില്‍ ആദ്യം ഒരു ദ്വൈമാസികയും പിന്നീട് കര്ഷകന് എന്ന പേരിലൊരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഈ സമരത്തിന്റെ ഭാഗമായി രൂപീകരിച്ച സമരസംഘടനയുടെ പേര് കുടിയാന് സംഘം എന്നായിരുന്നു. അന്നത്തെ ജന്മിമാര് മുടിയാന്‍ സംഘം എന്നുവിളിച്ചു ആക്ഷേപിച്ചിരുന്നു. ശ്രീ.കൃഷ്ണപിള്ള രചിച്ച 1968 ല്‍ പ്രസിദ്ധീകരിച്ച മാക്രിയില്ലാക്കുളം എന്ന പുസ്തകം കുടിയാന് പ്രക്ഷോഭത്തിന്റെ സമരചരിത്രമാണ്. ശ്രീ.കര്ഷകന് കൃഷ്ണപിള്ളയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ജന്മിത്തത്തിനെതിരായുള്ള സമരം കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് മുന്നോട്ടു പോകുകയും ഇതിന്റെ പരിണിതഫലമായി 1957 ല്‍ അധികാരത്തില്‍ വന്ന ശ്രീ.ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ജന്മിക്കരം നിരോധനബില്ല് പാസാക്കി നടപ്പാക്കുകയും തല്‍ഫലമായി കൈവശകൃഷിക്കാര്ക്കെല്ലാം അവരുടെ വസ്തുക്കള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്തു
ആയൂര്‍വേദ ചികിത്സാരംഗത്ത് പ്രഗല്ഭരായ പലരും ഈ പഞ്ചായത്തില്‍ മുന്‍കാലത്ത് ജീവിച്ചിരുന്നു. അതില്‍ കൊട്ടാരം വൈദ്യന്മാരായ ചാവര്‍കോട് വൈദ്യന്മാരുമായി ബന്ധമുള്ള നെല്ലിപ്പറമ്പ് വലിയവീട്ടില്‍ ശ്രീ. കൊച്ചുകുഞ്ഞ് വൈദ്യന് അന്തരിച്ചു. പന്തളം കൊട്ടാരത്തിലെ വൈദ്യന്മാരായിരുന്ന നാല്ക്കവല ചിറക്കല്‍ വൈദ്യന്മാരും അടുത്തകാലത്ത് അന്തരിച്ചു. ശ്രീ. മണിവൈദ്യന്‍ വരെയുള്ള കൈപ്പള്ളിയഴികത്ത് വൈദ്യന്മാരും ഈ പഞ്ചായത്തിലെ വൈദ്യന്മാരുടെ പരമ്പരയില്‍ പെടുന്നവരാണ്. കന്നുകാലി ചികിത്സയില്‍ പ്രഗല്ഭനായിരുന്ന പാണയത്തുപുത്തന്വീട്ടില് ശ്രീ.ഗോപാലക്കുറുപ്പ് വൈദ്യന് അടുത്തകാലത്താണ് അന്തരിച്ചത്.
ശ്രദ്ധേയമായ മറ്റൊരു സംഗതി ഈ പഞ്ചായത്തില്‍ നടന്നിട്ടുണ്ട്. കൊട്ടറ അച്ചന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊട്ടറ, ചെറുകരകുന്നില്‍ കുടുംബാംഗമായ റവ: കെ.എം.ജേക്കബ് അവര്‍കളുടെ പേര് ലോകത്ത് ഏറ്റവും കൂടുതല്‍കാലം പുരോഹിതനായി സേവനം അനുഷ്ഠിച്ചതിന്റെ പേരില്‍ ഗിന്നസ്ബുക്കിന്റെ 1986 ലെ പതിപ്പില്‍ വന്നിട്ടുള്ളതാണ്. 1981 ല്‍ ജനിച്ച അദ്ദേഹം 103 -ാം വയസ്സിലാണ് അന്തരിച്ചത്. 86 വര്‍ഷം മാര്‍ത്തോമ സഭയില്‍ പുരോഹിതനായി ഏറ്റവും കൂടുതല്‍ കാലം പ്രേഷിത പ്രവര്‍ത്തനം നടത്തിയ വൈദികന് എന്ന നിലയിലാണ് അദ്ദേഹം ലോക റിക്കാര്‍ഡിന് ഉടമയായത്.
അന്തരിച്ച ശ്രീ.റ്റി.കെ. കോശി വൈദ്യന് സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ സജീവപങ്കാളിയായിരുന്നതുപോലെ തന്നെ പൂയപ്പള്ളി പഞ്ചായത്തിന്റെ വികസനത്തിന് പല രംഗങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ആളും കോണ്‍ഗ്രസിന്റെ ഈ പ്രദേശത്തെ അറിയപ്പെടുന്ന നേതാവുമായിരുന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷന്, ഹൈസ്കൂള്‍,സബ്രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ പല പൊതുസ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് ശ്രീ. കോശി വൈദ്യന്റെ മുന്‍കൈ ഉണ്ടായിരുന്നു.
തച്ചുശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന തടികൊണ്ടു വിമാനം നിര്‍മ്മിച്ച 50 കോടി ഉയരത്തില്‍ പറപ്പിച്ച മൈലോട് ഇളവംകോണത്ത് ശ്രീ. ശങ്കരന് ആചാരിയുടെ പേര് എടുത്തു പറയേണ്ടതാണ്. കറങ്ങുന്ന എടുപ്പുകുതിരകളും ചലിക്കുന്ന ശില്‍പ്പങ്ങളും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും തടികൊണ്ടു നിര്‍മ്മിക്കുന്നതിനുള്ള അസാധാരണമായ ബുദ്ധി വൈഭവം അദ്ദേഹം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന് ആര്‍ട്ടിസ്റ്റ് ശ്രീ. സി.എസ്. വിശ്വം ഇന്ന് ലോക പ്രശസ്തനാണ്. മോസ്കോയിലെ ഗോര്‍ക്കി റിക്രിയേഷന്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആനക്കൊമ്പിലുള്ള നെഹ്റു, ഗാന്ധി പ്രതിമകള്‍ വത്തിക്കാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'വിശുദ്ധ കര്‍മ്മല മാതാവും, ഉണ്ണിമിശിഹായും' ദന്തപ്രതിമ, ലണ്ടന്‍ മ്യൂസിയത്തില്‍ വച്ചിട്ടുള്ള ദന്ത വിഗ്രഹമായ മഹാല്ക്ഷ്മി. "ലണ്ടന്‍ ടെംബിള്‍ സ്റ്റാന്‍ മ്യൂസിയത്തിലെ കോര്‍ട്ട് ഓഫ് ആം", യു.എന്‍.ഒ. യിലെ ബുദ്ധ പ്രതിമ, ന്യൂയോര്‍ക്കിലെ റീഡേഴ്സ് ഡൈജസ്റ്റ് മാഗസിന് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ന്യൂസ്പേപ്പര്‍ ബോയ് തുടങ്ങിയ ശില്പ്പങ്ങള് ശ്രീ. വിശ്വത്തിന്റെ ലോകപ്രസിദ്ധ നിര്‍മ്മിതികളാണ്.